കോട്ടയം ∙ മാലിന്യ സംസ്കരണത്തിന് അതിനൂതന പ്ലാസ്മ സാങ്കേതികവിദ്യയാണ് 20 വർഷം മുൻപു കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭാ അധികൃതർക്കു മുന്നിൽ സമർപ്പിച്ചതെന്നു ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ ഗുഡ്നൈറ്റ് മോഹൻ. അന്നത് ആർക്കും മനസ്സിലാകാതെ പോയി. ആരും അതിൽ താൽപര്യം കാട്ടിയില്ല. – ഗുഡ്‌നൈറ്റ് മോഹൻ ഓൺലൈനോടു പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം നടൻ ശ്രീനിവാസനാണ് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു വർഷങ്ങൾക്കു മുൻപ് സുഹൃത്തും ചലച്ചിത്ര നിർമാതാവുമായ ഗുഡ്നൈറ്റ് മോഹൻ നൂതന മാലിന്യ സംസ്കരണ പദ്ധതി മുന്നോട്ടു വച്ചതും അതിലുണ്ടായ ദുരനുഭവവും വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് അതു സ്വന്തം ചെലവിൽ സ്ഥാപിച്ചു മാലിന്യം സംസ്കരിക്കാമെന്നും അതിന്റെ ഉപോൽപ്പന്നം മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്നൈറ്റ് മോഹൻ നിർദേശിച്ചതെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. എന്നാൽ അതിൽ അഴിമതി കാണിക്കാൻ സാധിക്കാത്തതിനാൽ സർക്കാരും കോർപറേഷനും അതിനു പച്ചക്കൊടി കാട്ടിയില്ലെന്നും ശ്രീനിവാസൻ വിമർശിച്ചിരുന്നു. 20 വർഷം മുൻപ് കൊച്ചി കോർപറേഷനു മുന്നിൽ വച്ച പദ്ധതിയെ കുറിച്ച് ഗുഡ്നൈറ്റ് മോഹൻ പ്രതികരിച്ചു.