ദില്ലി: വീണ്ടും പുതിയ കോൾ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളർ. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചർ സൗജന്യമല്ല. നിലവിൽ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കൾക്കായാണ് എഐ പവർഡ് കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്.
കോൾ റെക്കോർഡിങ് കൂടാതെ, പ്ലാറ്റ്‌ഫോം നിങ്ങളുടെ കോളുകളെ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലേക്കും ട്രാൻസലേറ്റ് ചെയ്യും. ഒരു പ്രധാന മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ പങ്കെടുക്കുമ്പോൾ ഇത് ഗുണം ചെയ്യും. ചർച്ച ചെയ്യപ്പെടുന്നതെല്ലാം ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ഫീച്ചറിലിപ്പോൾ ഇപ്പോൾ ഇംഗ്ലീഷ് മാത്രമാണ് സപ്പോർട്ട് ചെയ്യുന്നത്.
ഈ ഫീച്ചറുകൾ ആപ്പിന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കുന്നവർക്കും യുഎസിലുള്ളവർക്കും മാത്രമേ ലഭ്യമാകൂ. വരും മാസങ്ങളിലോ ആഴ്ചകളിലോ ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഐഫോൺ ഉപയോക്താക്കൾക്ക് ഈ പ്രക്രിയ അൽപ്പം സങ്കീർണ്ണമാണ്. ഇൻകമിംഗ് കോളുകൾ റെക്കോർഡ് ചെയ്യണമെങ്കിൽ ഇൻകമിംഗ് കോളിന് ആൻസർ നൽകുന്നതിനൊപ്പം ട്രൂകോളർ ആപ്പ് തുറന്ന് സെർച്ച് ടാബിലേക്ക് പോവുകയും വേണം. ഇതിനുശേഷം കോൾ റെക്കോർഡ് ചെയ്യുക ബട്ടണിൽ ടാപ്പുചെയ്‌ത് റെക്കോർഡിങ് ലൈനിലേക്ക് വിളിക്കാം. കോളുകൾ റെക്കോർഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് ട്രൂകോളർ നൽകിയിരിക്കുന്ന പ്രത്യേക നമ്പറാണിത്. ഇത് ചെയ്തുകഴിഞ്ഞാൽ, കോൾ സ്‌ക്രീൻ ആ രണ്ട് കോളുകളും ലയിപ്പിക്കുന്നതിനുള്ള ഓപ്ഷൻ നൽകും.
ഔട്ട്‌ഗോയിങ് കോളുകൾക്കായി ഉപയോക്താക്കൾക്ക് ട്രൂകോളർ ആപ്പിലേക്ക് നാവിഗേറ്റ് ചെയ്യാനും ‘റെക്കോർഡ് എ കോൾ’ ഓപ്ഷൻ കണ്ടെത്താൻ സെർച്ച് ടാബ് ഉപയോഗിക്കാനും കഴിയും. റെക്കോർഡിംഗ് ലൈനിലേക്ക് വിളിച്ചതിന് ശേഷം, കോൺടാക്റ്റ് തിരഞ്ഞെടുത്തോ, ആവശ്യമുള്ള നമ്പർ നേരിട്ട് നൽകിയോ കോൾ ചേർക്കാനാകും. ആൻഡ്രോയിഡിനുള്ള ട്രൂകോളറിൽ കോൾ റെക്കോർഡിങ് ആക്ടിവേറ്റാക്കാനായി ട്രൂകോളറിന്റെ ഡയലറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒരു സമർപ്പിത റെക്കോർഡിങ് ബട്ടൺ ഉണ്ട്. അതുപയോഗിച്ചാൽ മതിയാകും.