ജയ്‌പുർ∙ ശീതസമരം തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശുഭവാർത്ത ഉടൻ വരും’ എന്നായിരുന്നു ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു രാഹുലിന്റെ പ്രതികരണം.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഗെലോട്ടും സച്ചിനും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണു രാഹുൽ ചർച്ച നടത്തിയതെന്നാണു സൂചന. അരമണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ഭാരത് ജോഡോ യാത്രയുടെ ക്യാംപിലേക്കു രാഹുൽ മടങ്ങി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു. ഗെലോട്ടും സച്ചിനും തമ്മിൽ പുറമെ കാണിക്കുന്ന ഐക്യം രാഹുലിന്റെ ഇടപെടലിലൂടെ ദൃഢമാക്കാമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.
അടുത്തിടെ സച്ചിൻ പൈലറ്റിനെ ‘ചതിയൻ’ എന്നു ഗെലോട്ട് വിശേഷിപ്പിച്ചതു വിവാദമായിരുന്നു. ‘‘ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. 10 എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിനു സാധിക്കില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാർട്ടിയെ വഞ്ചിച്ചയാളാണ്, ചതിയനാണ്’’ – എന്നായിരുന്നു ഗെലോട്ടിന്റെ പരാമർശം. നേരത്തെ, വിമതനീക്കത്തിനൊടുവിൽ പരാജയം സമ്മതിച്ച സച്ചിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും നഷ്ടമായിരുന്നു.
ജോഡോ യാത്ര രാജസ്ഥാൻ പിന്നിട്ടാൽ ഇരുവരും തമ്മിൽ വീണ്ടും കൊമ്പുകോർക്കുമെന്നും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനത്തു കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ഇടപെടൽ. സച്ചിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിനു താൽപര്യമെങ്കിലും അതിനു വഴങ്ങാൻ ഗെലോട്ട് തയാറല്ല. ഹൈക്കമാൻഡിനോടു തനിക്കു പൂർണ വിധേയത്വമാണെന്ന് ആവർത്തിക്കുമ്പോഴും സച്ചിനായി വഴിമാറില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം.