ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങൾ പരിചയപ്പെടാം.
മുട്ട
ചർമത്തിലെ കേടായ കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ടയിലെ മൾട്ടി വിറ്റാമിനുകളും ലൂട്ടെയ്നും ചർമം വരണ്ടുപോകാതെ കാത്തുസൂക്ഷിക്കുന്നു. മുട്ട കഴിക്കുന്നത് ശീലമാക്കുന്നത് ചർമത്തിനു വേണ്ട പോഷണം ഉറപ്പുവരുത്തുന്നു.
ഡാർക്ക് ചോക്ക്ലേറ്റ്
കോപ്പർ, സിങ്ക്, അയൺ തുടങ്ങിയ പോഷകങ്ങൾ ഡാർക്ക് ചോക്ക്ലേറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിലെ നാശമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിനു സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കാൻ ഡാർക്ക് ചോക്കലേറ്റ് ഗുണം ചെയ്യും.
നട്സ്
പിസ്ത, ബദാം, വാൾനട്സ്, കശുവണ്ടി തുടങ്ങി എല്ലാ നട്സും ചർമസംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. വാൾനട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ചർമത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.കശുവണ്ടിയിലെ വിറ്റാമിൻ ഇ, സെലേനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ സഹായിക്കും
തക്കാളി
വിറ്റാമിൻ സിയുടെ കലവറയാണ് തക്കാളി. ലൈക്കോപീൻ ഉൾപ്പടെ പ്രധാനപ്പെട്ട കരാറ്റിനോയിഡുകളെല്ലാം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിന് ഏൽക്കുന്ന ആഘാതങ്ങളിൽനിന്ന് ബീറ്റാ കരോട്ടിൻ, ല്യൂട്ടെൻ, ലൈക്കോപീൻ എന്നിവ സംരക്ഷണം നൽകുന്നു. ഇതിനുപുറമെ ചുളിവുകളുണ്ടാകാതെയും ഇവ ചർമ്മത്തെ കാത്തുസൂക്ഷിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കന്ന കാറ്റെഷിൻസ് എന്ന സംയുക്തം ചർമത്തെ പലവിധത്തിലും ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നുണ്ട്. സൂര്യപ്രകാശം കൊണ്ട് ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ ഗ്രീൻ ടീ പരിഹരിക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിനുണ്ടാകുന്ന ചുവപ്പ് നിറം ദിവസവും ഗ്രീൻ ടീ കുടിക്കുന്നവരിൽ 25 ശതമാനത്തോളം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.