ദില്ലി: ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകി. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്താൻ ഗൂഗിളിനോട് കമ്മീഷൻ നിർദ്ദേശിച്ചു. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റെതാണ്.
2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എഞ്ചിൻ ഡീഫോൾട്ടോക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. അന്വേഷണം നടത്തിയി സിസിഐ വെബ് ലോകത്തെ തെരച്ചിലിലെ മേൽക്കോയ്മ നിലനിർത്താൻ ഗൂഗിൾ അസന്മാർഗിക രീതികൾ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തിയത് എന്ന് സിസിഐ വ്യക്തമാക്കി.