സന്‍ഫ്രാന്‍സിസ്കോ: ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കുകയാണ് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ഗൂഗിൾ അതിന്റെ ആൻഡ്രോയിഡ് ഒഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം.
ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ഈ നീക്കത്തിന് പിന്നിലെ പ്രാഥമിക കാരണമായി ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നത് സജീവമായ ഉപകരണങ്ങളുടെ എണ്ണം കുറയുകയും ഒരു ശതമാനത്തിൽ താഴെയാകുകയും ചെയ്തു എന്നതാണ്. 2023 ഓഗസ്റ്റ് മുതലാണ് കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്‌ഡേറ്റുകൾ നിർത്തലാക്കുമെന്ന് പറയുന്നത്.
ഉപയോക്താക്കൾക്ക് ഇനി മുതൽ അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിർദേശം. അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ലഭിക്കുക മാത്രമല്ല ആൻഡ്രോയിഡ് സേവനങ്ങൾ തുടർന്നും ഉപയോഗിക്കാനാകും.
കൂടാതെ, ഇപ്പോഴും ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യുകയോ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പിന്തുണയ്ക്കുന്ന പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതോ നന്നായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു.താരതമ്യേന പഴയ ആൻഡ്രോയിഡ് പതിപ്പുകൾ സൈബർ ആക്രമണത്തിനും ഓൺലൈൻ ദുരുപയോഗങ്ങൾക്കും ഇരയാകുന്നുണ്ട്., 2021-ൽ API 16, 18 എന്നിവയിൽ ജെല്ലി ബീൻ ഒഎസിനുള്ള സപ്പോർട്ട് ഗൂഗിൾ നീക്കം ചെയ്തതും ചർച്ചയായിരുന്നു.