തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.
എന്നാല്‍ തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുണ്ടാകാം. ഇത്തരത്തിലുള്ള തലമുടി കൊഴിച്ചിലിനെ തടയാൻ നെല്ലിക്ക സഹായിക്കും. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. തലമുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ചുള്ള ഹെയർ മാസ്ക്കുകൾ തയ്യാറാക്കാവുന്നതാണ്.
ഇതിനായി ആദ്യം രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.
തലമുടി വളരാന്‍ ഏറെ ഗുണകരമായ മറ്റൊന്നാണ് ഉലുവ. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഇത് പരീക്ഷിക്കാവുന്നതാണ്.
നെല്ലിക്ക പോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പില. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
തലമുടി വളരാന്‍ കറ്റാര്‍വാഴയും സഹായിക്കും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം കുറച്ച് കറ്റാര്‍വാഴ ജെല്ലും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.