കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ എംപി പികെ ബിജു. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു അദ്ദേഹം പ്രതികരിച്ചു. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പികെ ബിജു. അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണെന്നു പികെ ബിജു വ്യക്തമാക്കി. അനില്‍ അക്കര വ്യക്തിഹത്യ നടത്തുകയാണ്. അരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായ നടപടികളും അദ്ദേഹത്തിനെതിരെ സ്വീകരിക്കുമെന്നു പികെ ബിജു പ്രതികരിച്ചു.
ഇഡി ഇതുവരെ വളിച്ചിട്ടില്ല. വിളിച്ചാല്‍ പോകും. കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണ കമ്മീഷനിലും താന്‍ അംഗമല്ല. കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തിയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. പ്രതിയുമായി ഫോണ്‍ ചെയ്തുവെന്ന ആരോപണം പച്ചക്കള്ളമാണ്. ഇതിന്റെയൊക്കെ തെളിവുകള്‍ പുറത്തു വിടാന്‍ അനില്‍ അക്കര തയ്യാറാകണമെന്നു പികെ ബിജു ആവശ്യപ്പെട്ടു.