കൊച്ചി: എറണാകുളം പുത്തൻതോടിൽ സ്കൂൾ വാർഷിക ദിനാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച് കേസിൽ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ. സംശയത്തിന്‍റെ അനൂകൂല്യം നൽകി ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ. കേസിലെ പ്രതിയായിരുന്ന ചവിട്ടുനാടകം അധ്യാപകൻ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കേസിൽ മെഡിക്കൽ തെളിവുകൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് കേരളത്തിന്‍റെ വാദം. പ്രോസിക്യൂഷന്‍റെ പ്രധാന കണ്ടെത്തലുകൾ പലതും പരിഗണിക്കാതെ കോടതിയുടെ ഭാഗത്ത് നിന്ന് കേസിൽ പിഴവ് സംഭവിച്ചെന്നും ഹർജിയിലൂടെ സംസ്ഥാനം ചൂണ്ടികാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽ ഹർഷാദ് വി ഹമീദാണ് ഹർജി ഫയൽ ചെയ്തത്. കേസ് ഒക്ടോബർ പത്തിന് കോടതി വീണ്ടും പരിഗണിക്കും. പുത്തൻതോട് സ്കൂളിന്‍റെ വാർഷിക ആഘോഷത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2013 ലായിരുന്നു ഇത്. കേസിൽ ജീവപരന്ത്യം ശിക്ഷയായിരുന്നു വിചാരണ കോടതി പ്രതിക്ക് വിധിച്ചത്. എന്നാൽ ഹൈക്കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകി പ്രതിയെ വെറുതേ വിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെത്തിയത്.