തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സർക്കാറും സമരസമിതിയും. രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. അടുത്ത സെപ്തംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി.
വൻസംഘർഷത്തിന് ശേഷവും സർക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്കില്ല. ഓഖി ദുരന്തത്തിൻറെ അഞ്ചാം വാർഷികദിനമായ ഇന്ന് സർക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീൻസഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാ സർക്കാർ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിക്കും കേസിൻറെയും മുന്നിൽ മുട്ടുമടക്കില്ലെന്ന് പറഞ്ഞാണ് തുറമുഖ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാനുള്ള തീരുമാനമെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ്.
അതേസമയം ഗുരുതര ആരോപണങ്ങൾ വരെ ഉയർത്തിയാണ് സമരക്കാരെ മന്ത്രിമാർ കൂട്ടത്തോടെ സംശയത്തിൻറെ നിഴലിൽ നിർത്തുന്നത്. രാജ്യത്തിൻറെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നും തുറമുഖത്തിൽ പിന്നോട്ടില്ലെന്നും സർക്കാർ പറയുന്നു.