തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. മെയ് നാലിന് സാംസ്ക്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റി. രണ്ട് വർഷം മുമ്പ് റിപ്പോർട്ട് നൽകിയിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ യോഗം വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.