ദില്ലി: ദില്ലിയിൽ തന്‍റെ മേലുദ്യോഗസ്ഥനെ കൊന്ന് ക്വാർട്ടേഴ്സിന്‍റെ മുറ്റത്ത് കുഴിച്ചിട്ട സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ആർകെ പുരത്താണ് കൊടും ക്രൂരത നടന്നത്. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്‌സിലെ സീനിയർ സർവേയറായ മഹേഷിനെയാണ് അതേ ഓഫീസിലെ പ്യൂണായ അനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരനെ കാണാനില്ലെന്ന മഹേഷിന്‍റെ ജേഷ്ഠന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം പുറത്തായത്. മഹേഷ് തന്‍റെ കാമുകിയോട് അപമര്യാദയായി പെരുമാറിയെന്നും തന്‍റെ പക്കൽ നിന്നും കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ തന്നില്ലെന്നും, അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രതി അനീഷ് പൊലീസിന് നൽകിയ മൊഴി.
ഓഗസ്റ്റ് 28നാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് മുമ്പായി ലാജ്പത് നഗർ, സൗത്ത് എക്‌സ്‌റ്റൻഷൻ മാർക്കറ്റുകൾ എന്നിവിടങ്ങളിലെത്തിയ അനീഷ് കൊലപാതകം നടത്തുന്നതിനും മൃതദേഹം മറവ് ചെയ്യുന്നതിനും ആവശ്യമായ സാധനങ്ങള്‍ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹം ഒളിപ്പിക്കാനായി ആറടി വരുന്ന പോളിത്തീൻ കവറുള്‍പ്പടെയാണ് അനീഷ് വിവധ കടകളിൽ നിന്ന് വാങ്ങിയത്. തുടർന്ന് പ്രതി മഹേഷിനെ തന്‍റെ സർക്കാർ ക്വാർട്ടേഴ്സിലേക്ക് വിളിട്ട് വരുത്തി. അവിടെ വെച്ച് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മഹേഷിന്‍റെ തലയ്ക്കടിച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൃതദേഹം പൊളിത്തീൻ കവറിലാക്കി പ്രതി അവിടെ നിന്നും സോനിപത്തിലെ തന്‍റെ വീട്ടിലേക്ക് പോയി അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് ക്വാർട്ടേഴ്സിന്‍റെ പിൻവശത്ത് 1.5 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. സെപ്തംബർ 2 നാണ് പൊലീസ് മഹേഷിന്‍റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിൽ മറ്റ് സഹായികളുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും പൊസീസ് അറിയിച്ചു.