തൃശൂർ> ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് പ്രത്യേക വിഭാഗം ആരംഭിച്ചു. നിലവിൽ സംയുക്തമായുണ്ടായിരുന്ന നവജാത– പീഡിയാട്രിക്ക് വിഭാഗം വേർതിരിച്ചാണ് നവജാത ശിശുവിഭാഗം മാത്രമാക്കിയത്. ഇതോടെ നവജാത ശിശുക്കൾക്കും കുട്ടികൾക്കും ശ്രദ്ധയോടെ ചികിത്സനൽകാൻ കഴിയും.
നവജാത ശിശുരോഗ വിഭാഗം അസോസിയറ്റ് പ്രൊഫസറായി ഡോ. ഫെബി ഫ്രാൻസിസിനെ നിയമിച്ചതോടെയാണ് നവജാത ശിശുരോഗ വിഭാഗം നിലവിൽ വന്നത്. 45 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്തതിന് പിന്നാലെയാണ് അസോസിയറ്റ് പ്രൊഫസറെ നിയമിക്കുന്നത്.
പുതുച്ചേരി ജിപ്‌മെർ മെഡിക്കൽ കോളേജിൽനിന്ന് നവജാത ശിശുരോഗ വിഭാഗം പഠനം പൂർത്തിയായ ഡോ. ഫെബി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗം അസി. പ്രൊഫസറായി ജോലിയിൽ തുടരവേയാണ് പുതിയ തസ്തികയിൽ നിയമിതയാകുന്നത്. ദേശീയ മെഡിക്കൽ കമീഷൻ അനുമതി ലഭിച്ചാൽ നവജാത ശിശുരോഗ വിഭാഗം ഡിഎം കോഴ്സ് ആരംഭിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾകൂടി വൈകാതെ മെഡിക്കൽ കോളേജിൽ ആരംഭിക്കാനാകും.