ന്യൂഡൽഹി: ബിജെപിയുടെ പാർലമെന്ററി ബോർഡിൽ നിന്നു പുറത്തായെങ്കിലും, സർക്കാരിനെതിരായ വിമർശനത്തിൽ തെല്ലും മയം വരുത്താതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വീണ്ടും രംഗത്ത്. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കാൻ സർക്കാരിനു സാധിക്കുന്നില്ലെന്നാണ് ഗഡ്കരിയുടെ പുതിയ വിമർശനം. ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഗഡ്‌കരി ഇക്കാര്യം പറഞ്ഞത്.
‘‘നിങ്ങൾക്ക് തീർച്ചയായും അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി ശോഭനമാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലും പുറത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ മാതൃകകളും നാം സ്വീകരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാൻ കഴിയുന്ന സാമഗ്രികൾ നമുക്കു വേണം. നിർമാണ മേഖലയിൽ മറ്റൊരു പ്രധാനപ്പെട്ട ഘടകം സമയമാണ്. അതാണ് ഏറ്റവും വലിയ മൂലധനം. സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം’ – ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.
അതേസമയം, ഏതെങ്കിലും ഒരു സർക്കാരിനെ ഉദ്ദേശിച്ചല്ല ഗഡ്കരിയുടെ വാക്കുകളെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. എല്ലാ സർക്കാരുകളെയും പൊതുവെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.