ന്യൂഡൽഹി : വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ) കമ്പനികൾ പുതിയ ചട്ടം പാലിക്കാൻ തയാറല്ലെങ്കിൽ രാജ്യം വിടുക തന്നെയാണു നല്ലതെന്ന് കേന്ദ്രം. വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്കു സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കമ്പനികൾ രംഗത്തുവന്നിരുന്നു. നീക്കവുമായി മുന്നോട്ടുപോയാൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ നിയമം പാലിക്കാൻ തയാറല്ലെങ്കിൽ രാജ്യം വിട്ടു പോകുന്നതാണു നല്ലതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപറേറ്റ്, കമ്പനി ആവശ്യങ്ങൾക്കുള്ള വിപിഎൻ സേവനങ്ങൾക്ക് ഈ ചട്ടം ബാധകമല്ല.
വിവാദം ഇങ്ങനെ
സെൻസർഷിപ്പ് മറികടന്ന് അജ്ഞാതവും സുരക്ഷിതവുമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് വിപിഎൻ. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളെ മറികടക്കാനുള്ള ഇന്റർനെറ്റ് ഉപയോഗത്തിനും വിപിഎൻ സേവനത്തിനു കഴിയും. എന്നാൽ, ഇതുപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ, ഐപി വിലാസം, ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം അടക്കമുള്ള വിവരങ്ങൾ 5 വർഷം സൂക്ഷിക്കാനാണ് പുതിയ കേന്ദ്രചട്ടം പറയുന്നത്. ഇത് സ്വകാര്യതാ ലംഘനമാണെന്നും വ്യക്തിവിവരങ്ങൾ സൂക്ഷിക്കാറില്ലെന്നുമാണ് കമ്പനികളുടെ പക്ഷം. വർക് ഫ്രം ഹോം കൂടിയതോടെ കമ്പനിയുടെ നെറ്റ്‍വർക്ക് സുരക്ഷയ്ക്കായി വിപിഎൻ ഉപയോഗം കഴിഞ്ഞ വർഷം ഇന്ത്യയിൽ വ്യാപകമായിട്ടുണ്ട്. ഇന്ത്യയിൽ വിലക്കുള്ള വെബ് സേവനങ്ങൾ ഉപയോഗിക്കാനും പലരും വിപിഎൻ ഉപയോഗിക്കാറുണ്ട്.