തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ തെറിപ്പിച്ചത് വിശ്വസ്തനായ പൊതുഭരണ സെക്രട്ടറിയെ. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്ന വിഷയമാണു ഗവർണറുടെ അതൃപ്തിക്കു കാരണമായി രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞതെങ്കിലും യഥാർഥ കാരണം പൊതുഭരണ സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാൽ അയച്ച കത്താണെന്നാണു ലഭിക്കുന്ന വിവരം.
ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഹരി എസ്.കർത്തയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സെക്രട്ടറിയുടെ കത്ത്. ഗവർണറുടെ സ്റ്റാഫിന്റെ നിയമനത്തിന് അംഗീകാരം നൽകിയെങ്കിലും സർക്കാർ വിയോജിച്ചു. സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ രാജ്ഭവനെ അറിയിച്ചത് പൊതുഭരണ സെക്രട്ടറിയായ ജ്യോതിലാലായിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണ്. പക്ഷേ നിയമനത്തിനുള്ള ആഗ്രഹം ഗവർണർ പ്രകടിപ്പിച്ചതുകൊണ്ടു നിർദേശം സ്വീകരിക്കുന്നു. ഗവർണറുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാനാണു കത്തെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗവർണറെ ചൊടിപ്പിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്കു ഗവർണറെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചർച്ച നടത്തിയിട്ടും അദ്ദേഹം നിലപാടു മാറ്റിയില്ല. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് ജ്യോതിലാലിനെ മാറ്റാൻ തീരുമാനിച്ചു. ഇക്കാര്യം ഫോണിലൂടെ ഗവർണറെ അറിയിച്ചു. വൈകിട്ട് 6 മണിക്കുശേഷം ഉത്തരവ് രാജ്ഭവനിലെത്തിയപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ അനുമതി നൽകിയത്. ശാരദ മുരളീധരനാണു പൊതുഭരണ സെക്രട്ടറിയുടെ ചുമതല.