പാലക്കാട്: രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സർവിസിൽനിന്ന് വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവിസ് റൂൾസ് ചട്ടങ്ങൾ ബാധകമാണെന്ന് സർക്കാർ അറിയിച്ചു. തന്റെ മരണശേഷം ലഭിക്കുന്ന കുടുംബ പെൻഷൻ ആദ്യ ഭാര്യക്കും രണ്ടാം ഭാര്യക്കുമായി 50 ശതമാനം വീതിച്ച് നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം സർക്കാർ തള്ളി.
മുൻ ജീവനക്കാരൻ സമർപ്പിച്ച ഹരജിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാറിന്റെ വിശദീകരണം.2022 ഫെബ്രുവരിയിൽ താൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതായി പരാതിക്കാരനായ എം. ഷംസുദ്ദീൻ പറഞ്ഞു. തന്റെ ആദ്യ ഭാര്യ സർവിസിൽ ഉണ്ടായിരുന്നതുകൊണ്ട് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഇതിനുപുറമെയാണ് ഫാമിലി പെൻഷൻ ലഭിക്കേണ്ടതെന്നും പരാതിയിൽ പറയുന്നു.