തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിൻ്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽസ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.
ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല യും രംഗത്തെത്തിയിരുന്നു. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല.