ദില്ലി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമർനാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.
മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ് പേര്‍ മരിച്ചതിന് പിന്നാലെയാണ് അമർനാഥ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. പ്രളയ മാലിന്യം പൂര്‍ണമായി നീക്കിയാല്‍ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്ന് നേരത്തെ ദുരന്തനിവാരണ സേന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ 29 ന് ആരംഭിച്ച തീര്‍ത്ഥാടന യാത്രയില്‍ ഇതുവരെ 69,535 പേര്‍ പങ്കെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 11 നാണ് തീർത്ഥാടനം അവസാനിക്കേണ്ടിയിരുന്നത്. അതേസമയം പ്രളയമുണ്ടായി മൂന്ന് ദിവസമായിട്ടും നാല്‍പ്പതോളം പേർ ഇപ്പോഴും കാണാമറയത്താണ്. പകല്‍ ചൂട് കൂടുമ്പോൾ പ്രളയാവശിഷ്ടമായി അടിഞ്ഞ ചെളിയും മണ്ണിനും ഉറപ്പ് കൂടുന്നത് തെരച്ചിലിന് പ്രതിന്ധിയാകുകയാണ്. അതിനാല്‍ വാള്‍ റഡാർ,ഡ്രോണുകള്‍ ഹെലികോപ്ടർ, എന്നിവക്കൊപ്പം ഡോഗ് സ്ക്വാഡിനെയും ഉള്‍പ്പെടുത്തായുള്ള തെരച്ചിലാണ് നടക്കുന്നത്.
ഇന്നലെ രാത്രിയും പകലുമായി നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ദൗത്യം സംഘം അറിയിച്ചു. ഇതിനിടെ ഇന്ന് ഫാല്‍ഗാമിലെ ബേസ് ക്യാന്പിലെത്തിയ ജമ്മുകശ്മീര്‍ ലെഫ്.ഗവര്‍ണർ മനോജ് സിന്‍ഹ അവിടെ തുടരുന്ന തീർത്ഥാടകരെ സന്ദർശിച്ചു. ജമ്മു കശ്മീരിന് പുറമെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം പല മേഖലകളിലും മഴപെയ്യുന്നുണ്ട്. ചണ്ഢീഗഡിലും തുടർച്ചായ രണ്ട് ദിവസും മഴ ശക്തമായി തുടരുകയാണ്.












