ചെന്നൈ : പോലീസുകാരടക്കം സർക്കാർ ഉദ്യോഗസ്ഥരും നിയമ, ബാങ്കിങ് മേഖലകളിൽ പ്രവർത്തിക്കുന്നവരും സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി. മുൻജനപ്രതിനിധികൾ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിച്ചാലും നിയമനടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും അല്ലെങ്കിലും എല്ലാവരും തുല്യരായിരിക്കണമെന്നാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലീസ് കാഴ്ചക്കാരായി നിൽക്കുന്നത് ദുഃഖകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജിയിൽ അടുത്തദിവസം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.