തിരുവനന്തപുരം: ഗവർണ്ണറൂം കേരള സർവ്വകലാശാലയും തമ്മിലെ പോര് അതി രൂക്ഷമായി തുടരുന്നു. തൻ്റെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ടുള്ള അസാധാരണ നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചത്. നിലവിലെ സ്ഥിതിഗതികൾ വൈസ് ചാൻസലർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ചട്ട പ്രകാരം ഉള്ള നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചത് എന്നതിനാൽ സർക്കാരിന് ഇടപെടാൻ ആകില്ല. ചൊവ്വാഴ്ച്ച ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും ഇടത് അംഗങ്ങൾ വിട്ടു നിന്നത് സിപിഎം തീരുമാന പ്രകാരമാണ്. കൂടുതൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ കടക്കും എന്നത് സർക്കാരിനും ഉള്ള മുന്നറിയിപ്പാണ്.നാലീനാണ് അടുത്ത സെനറ്റ് യോഗം.
ഇത്രയധികം സെനറ്റ് അംഗങ്ങളെ ഒറ്റയടിക്ക് ഗവർണ്ണർ പിൻവലിക്കുന്നത് അസാധാരണ നടപടിയാണ്. ചാൻസ്ലർക്ക് താല്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷെ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന നടപടിക്കാണ് ഗവർണ്ണർ തയ്യാറായത്. വിസി നിർണ്ണയ സമിതിയിലേക്കുള്ള സെനറ്റ് നോമിനിയെ നിർദ്ദേശിക്കാനുള്ള ഗവർണ്ണറുടെ അന്ത്യശാസനം കേരള സർവ്വകലാശാല നിരന്തരം തള്ളുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസ്ലറുടെ നോമിനികളായ 15 പേരും വിട്ടുനിന്നിരുന്നു. ഇവരുടെ വിശദാംശങ്ങൾ വിസിയോട് തേടിയാണ് നടപടി എടുത്തത്.
പിൻവലിച്ചതിൽ 4 വകുപ്പ് മേധാവിമാരുമുണ്ട്. 15 ൽ രണ്ട് പേർ സിണ്ടിക്കേറ്റ് അംഗങ്ങൾ കൂടിയാണ്. ഇന്ന് മുതൽ അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് വിസിയേ രേഖാമൂലം ഗവർണ്ണർ അറിയിച്ചത്. പിൻവലിച്ചതിനെതിരെ അംഗങ്ങൾക്ക് കോടതിയെ സമീപിക്കാനുമാകില്ല. അടുത്ത സെനറ്റ് യോഗം നാലിന് ചേരാനിരിക്കെയാണ് ഗവർണ്ണറുടെ രണ്ടും കല്പിച്ചുള്ള നീക്കം. ഗവർണ്ണറുടെ നടപടിയോടുള്ള സർക്കാറിൻറെ പ്രതികരണം പ്രധാനമാണ്. നാലിനും തീരുമാനമായില്ലെങ്കിൽ ഗവർണ്ണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി തുടങ്ങും.