കണ്ണൂർ : പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്.സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തത്. പുതുവർഷത്തിലും ഗവർണറുമായി പോരിന് തന്നെയെന്ന സന്ദേശമായി എസ്എഫ്ഐയുടെ കോലം കത്തിക്കൽ.വൈക്കോലും വെളളത്തുണിയും കൊണ്ട് 30 അടിയിൽ തീർത്ത പാപ്പാഞ്ഞി. കാവി ഷാൾ പുതപ്പിച്ച ,പാപ്പാഞ്ഞിക്ക് ഗവർണറുടെ ചിത്രമുളള തല. അത് കത്തിച്ചായിരുന്നു പയ്യാമ്പലത്ത് എസ്എഫ്ഐയുടെ വർഷാവസാന വൈകുന്നേരം. കരിങ്കൊടിയും നേർക്കുനേർ പോർവിളിയും കണ്ട വർഷം അവസാനിച്ചതും പുതിയത് തുടങ്ങിയതും പ്രതീകാത്മക കത്തിക്കലിലും കേസിലും ആയി..ഗവർണർ ഉന്നമിട്ട കണ്ണൂർ തന്നെ എസ്എഫ്ഐ വ്യത്യസ്ത പ്രതിഷേധത്തിന് വേദിയാക്കി. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി വലിയ പൊലീസ് സംഘം പയ്യാമ്പലത്ത് ഉണ്ടായിരിക്കെയായിരുന്നു കോലം കത്തിക്കൽ.
കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ, ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡന്‍റ്, വിഷ്ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് ചന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ പ്രതികളാണ്.