തിരുവനന്തപുരം : പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാവുക. ഗവർണർ നിയമസഭയിൽ എത്തിയതോടെ പ്രതിപക്ഷം ‘ഗോ ബാക്ക്’ വിളിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങളെ ഗവർണർ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവർണർ പറഞ്ഞു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവർണർ ഓർമിപ്പിച്ചു. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് സാധ്യത. രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും.
ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവർണക്കർക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീർക്കുമെന്നും സൂചനയുണ്ട്. ലോകായുക്താ ഓർഡിനൻസും കെഎസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉൾപ്പെടെ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിൻന്റെ ആവനാഴിയിൽ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാൻ സർവായുധ സന്നദ്ധരാണ് ഭരണപക്ഷവും.
ചുരുക്കത്തിൽ ഭരണ പ്രതിപക്ഷ വാക്‌പോരിൽ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. ലോകായുക്ത ഓർഡിനൻസിനെ അതിശക്തമായി എതിർക്കുന്ന സി.പി.ഐ. സഭയിൽ എന്തുനിലപാട് സ്വീകരിക്കുമെന്നതും ഈ സമ്മേളന കാലയളവിലെ ശ്രദ്ധേയ ഘടകമാണ്. രണ്ടുഘട്ടങ്ങളിലായി മാർച്ച് 23 വരെയാണ് സഭ സമ്മേളിക്കുക. മാർച്ച് 11 ന് അവതരിപ്പിക്കുന്ന ബജറ്റാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.