തിരുവനന്തപുരം: എസ്.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെ കാറിൽനിന്നിറങ്ങി റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. ഗവർണറുടെ പെരുമാറ്റം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹമെന്നും മന്ത്രി പ്രതികരിച്ചു. അദ്ദേഹം കുറച്ചുകാലമായി വിചിത്ര രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മുമ്പ് മിഠായിത്തെരുവിൽ ഹൽവ തിന്നാനായി പോയ ഗവർണർ നിലമേലിൽ കടയുടെ മുന്നിൽ കുട്ടിയെ പോലെ വാശിപിടിച്ചിരിക്കുന്നത് കണ്ടു. ഇതൊക്കെ ശിശുസഹജമായ വാശിയോ കൗതുകമോ മാത്രമായി കാണാനാകില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് രാവിലെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തുകയും കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെയും ഗവർണർ നടന്നടുത്തു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞ ഗവർണർ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊലീസിനോട് ഏറെ ക്ഷുഭിതനായ ഗവർണർ, തനിക്ക് മതിയായ സുരക്ഷയൊരുക്കുന്നില്ലെന്ന് ആരോപിച്ചു.
പിന്നാലെ ഗവർണർക്കും രാജ്ഭവനും ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.