തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസിനെ സ്വമേധയാ മാറ്റാൻ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായേക്കില്ല. എന്നാൽ താൽക്കാലിക വിസി സ്ഥാനത്തേക്കു പുതിയ പാനൽ നൽകി നിയമനം നടത്താനുള്ള ഒരുക്കത്തിലാണു സർക്കാർ. ഹൈക്കോടതി വിധിയുടെ പകർപ്പു ലഭിക്കുന്ന മുറയ്ക്കു സർക്കാർ നടപടി എടുക്കും.
സിസ തോമസിനെ മാറ്റാൻ കോടതി പറഞ്ഞിട്ടില്ലെന്നും ഉത്തരവു ഗവർണർക്കു തിരിച്ചടിയല്ലെന്നുമാണു രാജ്ഭവന്റെ വിലയിരുത്തൽ. കോടതി ഉത്തരവില്ലാത്ത സാഹചര്യത്തിൽ സിസ തോമസ് കാലാവധി മുഴുവൻ തുടരാൻ സാധ്യതയുണ്ട്. എന്നാൽ നൽകുന്ന പാനലിൽ നിന്നു താൽക്കാലിക വിസിയെ നിയമിക്കാൻ ഗവർണറുടെ മേൽ സർക്കാർ സമ്മർദം ശക്തമാക്കും.
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുടരാമെന്നാണു സിസ തോമസിന്റെ നിയമന ഉത്തരവിൽ പറയുന്നത്. സിസയെ നിയമിച്ച ഗവർണറുടെ ഉത്തരവു ചോദ്യം ചെയ്തായിരുന്നു സർക്കാർ ഹർജി. സിസയ്ക്ക് വിസിയാകാൻ യോഗ്യതയില്ലെന്നായിരുന്നു വാദം