കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മറ്റി ഓഫീലെത്തിച്ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല എന്നിവർ രാവിലെ തന്നെ ‘കോടിയേരി’ വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അൽപ്പസമയം അവർക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്.
കോടിയേരിയുടെ ഭൌതിക ശരീരം രണ്ട് മണിവരെ കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‍ക്കാരം നടക്കും. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് പയ്യാമ്പലത്ത് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.