തിരുവനന്തപുരം: സീനിയർമാരായ പ്രൊഫസർമാരുടെ പട്ടിക ഉടൻ നൽകണമെന്ന് വിവിധ സർവകലാശാല വിസിമാർക്ക് നിർദ്ദേശം നൽകി ഗവർണർ. 24 ന് കേരള വിസി വിരമിക്കുന്ന സാഹചര്യത്തിൽ പകരം ചുമതല നൽകാനാണിത്. ഒരു സർവകലാശാല വിസി വിരമിക്കുമ്പോൾ സമീപത്തെ സർവകലാശാല വിസിക്ക് ചുമതല നൽകുന്നതാണ് പതിവ്. ഇതിന് പകരം സീനിയറായ പ്രൊഫസർക്ക് തന്നെ ചുമതല നൽകാനാണ് ഗവർണർ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയാണ് മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടത്.
അതേസമയം, ഗവർണറും കേരള സർവകലാശാലയും തമ്മിലെ പോര് അതി രൂക്ഷമായി തുടരുകയാണ്. തൻ്റെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ടുള്ള അസാധാരണ നടപടിയാണ് കഴിഞ്ഞ ദിവസം ഗവർണർ സ്വീകരിച്ചത്. പിൻവലിച്ചതിൽ നാല് വകുപ്പ് മേധാവിമാരുമുണ്ട്. 15 ൽ രണ്ട് പേർ സിണ്ടിക്കേറ്റ് അംഗങ്ങൾ കൂടിയാണ്. നിലവിലെ സ്ഥിതിഗതികൾ വൈസ് ചാൻസലർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചട്ട പ്രകാരമുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചത് എന്നതിനാൽ സർക്കാരിന് ഇടപെടാൻ ആകില്ല. ചൊവ്വാഴ്ച്ച ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും ഇടത് അംഗങ്ങൾ വിട്ടു നിന്നത് സിപിഎം തീരുമാന പ്രകാരമാണ്. കൂടുതൽ കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കും എന്നത് സർക്കാരിനുള്ള മുന്നറിയിപ്പാണ്. നാലിനാണ് അടുത്ത സെനറ്റ് യോഗം.