തിരുവനന്തപുരം: ബില്ലുകളില്‍ അടിയന്തര തീരുമാനം കൈക്കൊള്ളാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് കേരളം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീഴ്ച പറ്റിയെന്ന് കോടതി വിധിക്കണമെന്ന് ഉള്‍പ്പെടടെയാണ് സംസ്ഥാനത്തിന്റെ ആവശ്യം. ബില്ലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ മുന്‍പ് കേരളം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചിരുന്നു. ബില്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിനാല്‍ ഹര്‍ജി ഭേദഗതി ചെയ്യണമെന്ന് സുപ്രിംകോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം സംസ്ഥാനം ഹര്‍ജി ഭേദഗതി ചെയ്ത് വീണ്ടും സമര്‍പ്പിച്ചിരിക്കുന്നത്.
8 ബില്ലുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നത്. എട്ട് ബില്ലുകള്‍ രണ്ട് വര്‍ഷം മുതല്‍ 7 മാസം വരെ വൈകുന്ന സാഹചര്യമുണ്ടെന്നായിരുന്നു കേരളം ചൂണ്ടിക്കാട്ടിയിരുന്നത്. സാധ്യമായ ഏറ്റവും കൂടിയ വേഗതയില്‍ ബില്ലുകളിുല്‍ തീരുമാനമുണ്ടാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായിരുന്നത്.
ബില്‍ രാഷ്ട്രപതിയ്ക്ക് അയച്ച സാഹചര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ബില്ലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. ഈ പശ്ചാത്തലത്തില്‍ ഹര്‍ജി ഭേദഗതി ചെയ്യാന്‍ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിച്ചിരിക്കുന്നത്.