തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ വിശദീകരണം ചോദിച്ച് വെറ്ററിനറി സർവകലാശാല വി സിക്കും ഗവര്‍ണര്‍ കാരണം കാണിക്കൽ നോട്ടീസ് നൽകും. യുജിസി മാർഗ നിർദേശ പ്രകാരം അല്ല വി സി ഡോ.ശശീന്ദ്രനാഥിന്റെ നിയമനമെന്ന പരാതി ഉയർന്നിരുന്നു.സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതടക്കം പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയത്.
വെറ്ററിനറി വിസി കൂടി ചേർത്താൽ ഗവർണ്ണറുടെ നോട്ടീസ് ലഭിച്ച വിസിമാരുടെ എണ്ണം 12 ആകും.അതിനിടെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സ്ഥാനത്തു 15 ദിവസം കൂടി തുടരാൻ അനുവദിക്കണം എന്ന് കുഫോസ് വിസി റിജി ജോൺ ആവശ്യപ്പെട്ടു.ഇക്കാര്യ ഉന്നയിച്ചു ഗവർണ്ണർക്ക് കത്ത് നൽകി.
ഇതിനിടെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈസ് ചാൻസലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്താൻ ചാൻസലർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ട.ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധനകൾ നടത്തി വിസിയെ പുറത്താക്കേണ്ടതെന്നാണ് യുജിസി ചട്ടം പറയുന്നത്.ഈ ചട്ടം ചാൻസലർ ലംഘിച്ചെന്നും ഹർജിക്കാർ പറയുന്നു.
എന്നാൽ സുപ്രീം കോടതി വിധി പ്രകാരം ചാൻസലർക്കു ഇടപെടാമെന്നായിരുന്നു ഗവർണർ വാദിച്ചത്. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി സുപ്രീംകോടതിയിൽ കെടിയു കേസിന്‍റെ പശ്ചാത്തലത്തിൽ വന്ന വിധി പ്രാവർത്തികമാക്കുക മാത്രമല്ലേ ചാൻസലർ ചെയ്യുന്നുള്ളൂ എന്ന് ഹർജിക്കാരോട് ചോദിച്ചിരുന്നു. ക്രമകേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ലെന്നും കോടതി ഹർജിക്കാരെ ഓർമ്മിപ്പിച്ചു. കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ നേരത്തെ ഗവർണ്ണർക്ക് മറുപടി നൽകിയിട്ടുണ്ട്.