തൃശൂർ : തട്ടിപ്പ് വിവാദത്തിൽപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജുമായി സർക്കാർ. 250 കോടിയുടെ രക്ഷാ പാക്കേജാണ് സർക്കാർ അനുവദിച്ചത്. ജില്ലയിലെ സഹകരണ സംഘങ്ങളെ ചേർത്താണ് പദ്ധതി നടപ്പാക്കുക. പ്രാഥമിക സഹകരണ സംഘനങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ 50 കോടി സംഘടിപ്പിക്കും. നിക്ഷേപകർക്ക് നൽകാനുള്ള പണത്തിന് വായ്പായിനത്തിൽ തുക അനുവദിക്കാനും പദ്ധതി തയാറാക്കും. ഈ നടപടികളിലേക്ക് ഉടൻ കടക്കും. സി.പി.ഐ. എം ജില്ല സമ്മേളനത്തിൽ വരെ നേതൃത്വത്തിനെതിരെ വിമർശനമുയർന്ന ബാങ്ക് തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തിലാണ് സർക്കാർ നടപടികളിലേക്ക് കടക്കുന്നത്. കരുവന്നൂർ ബാങ്കിൽ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് നിക്ഷേപകരുടെ തുക തിരികെ നൽകാനുള്ള ശ്രമം വേഗത്തിലാക്കിയിട്ടുണ്ട്.
ആസ്‌തി-ബാധ്യതകൾ തിട്ടപ്പെടുത്തൽ, വായ്‌പകളിൽ തിരിച്ചടവ് ഉറപ്പാക്കൽ, നിക്ഷേപകർക്ക് തുക മടക്കി നൽകൽ എന്നിവയിൽ സഹകരണ വകുപ്പും ബാങ്കിനെ സഹായിക്കും. ഇതിനായി സെയിൽ ഓഫിസറുടെ സേവനം അനുവദിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്താനും ബാധ്യതകൾ തീർക്കാനും അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെ സെയിൽ ഓഫിസർ സഹായിക്കും. നിഷ്‌ക്രിയ വായ്‌പകളിൽ ആർബിട്രേഷൻ നടപടികളിലേക്കും കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.