കൊച്ചി: സർക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി പി രാജീവ്. ഒരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നിയമനടപടി എടുക്കണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശമുണ്ടായില്ല. മൊഴികൾ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണ്. നടപടിക്ക് നിർദ്ദേശിക്കേണ്ടതും കമ്മിറ്റിയാണ്. സർക്കാർ ഒരു ഖണ്ഡികയും ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടില്ല. ഖണ്ഡിക ഒഴിവാക്കിയത് സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) ആണ്. ഖണ്ഡിക ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ, സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്.
സ്വകാര്യത മാനിച്ചുകൊണ്ടാണ് സ്പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഖണ്ഡിക ഒഴിവാക്കിയത്. മുഴുവൻ റിപ്പോർട്ടും കോടതിയിലേക്ക് വരും. കോടതിയുടെ നിർദ്ദേശം അനുസരിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കും. സർക്കാരിന് ആരെയും രക്ഷിക്കാൻ ഇല്ലെന്നും പി രാജീവ് പറഞ്ഞു. രേഖ പുറത്തുവിടുന്നതിൽ ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാം. സർക്കാരിന്റെ പ്രത്യേക നിർദേശമൊന്നും അതിലില്ല. ഉദ്യോഗസ്ഥൻ തന്നെ പരിശോധിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. അങ്ങനെയല്ലെങ്കിൽ വിവരാവകാശ കമ്മീഷന് പരിശോധിക്കാവുന്നതാണെന്നും പി രാജീവ് വ്യക്തമാക്കി.