ദില്ലി : ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ, പരിപാടി നടത്തുമെന്ന് സംഘാടകർ പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഇന്നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രിൽ 16 ന് നടന്ന വർഗീയ സംഘർഷങ്ങളിൽ നടപടിയില്ലെന്ന് ആരോപിച്ചാണ് സമ്മേളനം വിളിച്ചിരിക്കുന്നത്.
ധരം സൻസദ് മത സമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്നാണ് സുപ്രീംകോടതി ഇന്നലെ നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് നൽകുകയായിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടായാൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധരം സൻസദ് മത സമ്മേളനങ്ങളിലെ വിദ്വേഷ പ്രസംഗം തടയണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ ഉണ്ടായത്.