ന്യൂഡൽഹി: കേന്ദ്രസർക്കാർ മരുന്നുകളുടെ വില കുറക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 15ന് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അർബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നുകളുടെ വിലയാവും കുറക്കുക.ഇതുസംബന്ധിച്ച് ചില നിർദേശങ്ങൾ സർക്കാർ തയാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മരുന്നുകളുടെ ഉയർന്ന വ്യാപാര മാർജിന് പരിധി നിശ്ചയിക്കാനും കേന്ദ്രസർക്കാറിന് പദ്ധതിയുണ്ട്. ജൂലൈ 26ന് ഫാർമ്മ കമ്പനികളുടെ യോഗം സർക്കാർ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
കാൻസർ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകൾക്ക് വൻ വില ഈടാക്കുന്നതായി കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലക്ക് വിൽക്കുന്നത് എന്നതിന്റെ കണക്ക് സർക്കാർ മരുന്ന് നിർമ്മാണ കമ്പനികൾക്ക് മുന്നിൽവെക്കുമെന്നും റിപ്പോർട്ടുണ്ട്.