കൊച്ചി; എറണകുളം ജില്ലയില്‍ മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപട. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കും. മാര്‍ച്ച് 25, 26 തീയതികളില്‍ എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.
ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജില്ലയിലെ എല്ലാ നഗരസഭകളും യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ എല്ലാ നഗരസഭകളിലും കര്‍മ്മപദ്ധതി പ്രകാരമുള്ള പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഭവനസന്ദര്‍ശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദര്‍ശന സംഘത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 23, 24 തീയതികളിലായി പരിശീലനം നല്‍കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സംഘമാണ് ബോധവല്‍കരണ പ്രവര്‍ത്തനം നടത്തുന്നത്.