തിരുവനന്തപുരം∙ കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിക്ക് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകണമെന്ന് അഡി.പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസുമായി ബന്ധപ്പെട്ട് ഏറെ നാൾ സഹോദരിക്ക് കേരളത്തിൽ കഴിയേണ്ടിവന്നതായി അഡി.ജില്ലാ ജഡ്ജ് കെ.സനിൽകുമാർ വിധിന്യായത്തിൽ വ്യക്തമാക്കി. സഹായധനം ലഭിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി തുടർ നടപടി സ്വീകരിക്കണം.
കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കൽ, ലഹരി മരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. ഇരുവരും ജീവിതാവസാനം വരെ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 3.42 ലക്ഷം രൂപയുടെ പിഴയാണ് പ്രതികൾ നൽകേണ്ടത്. ഇതിൽ രണ്ടു ലക്ഷം രൂപ വിദേശ വനിതയുടെ സഹോദരിക്ക് നൽകണം.
വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷകൾ:
രണ്ടു പ്രതികൾക്കും 5 വർഷം തടവും 7000 രൂപ പിഴയും. രണ്ടു പ്രതികൾക്കും 5 വർഷം തടവും 7000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ. ആറു മാസവും 1000രൂപയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി ശിക്ഷ അനുഭവിക്കണം. 10 വർഷം തടവും 50,000രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി ശിക്ഷ അനുഭവിക്കണം. ജീവപര്യന്തം ശിക്ഷ (ജീവിതാവസാനം വരെ തടവുശിക്ഷ). 20 വർഷം തടവുശിക്ഷയും 50000രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷംകൂടി ശിക്ഷ അനുഭവിക്കണം.
ജീവപര്യന്തം ശിക്ഷയും 50,000രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി ശിക്ഷ അനുഭവിക്കണം. 5 വർഷം ശിക്ഷയും 5000രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിക്കണം. മൂന്നുമാസം ശിക്ഷയും 1000രൂപ പിഴയും (ലഹരി ഉപയോഗത്തിന്). യുവതിയെ കൊലപ്പെടുത്തിയതിനു തെളിവായി 19 കാരണങ്ങളാണ് വിധിന്യായത്തിൽ പറയുന്നത്.
ആയുർവേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നാണ് സഹോദരിക്കൊപ്പം യുവതി കേരളത്തിലെത്തിയത്. മാർച്ച് 14ന് നടക്കാനിറങ്ങിയ ഇവരെ കാണാതായി. 36 ദിവസം കഴിഞ്ഞ് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിമരുന്നു നൽകി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്.