തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രമേയമവതരിപ്പിക്കാൻ സര്‍ക്കാര്‍. കേരളത്തെ ബഫർ സോൺ മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ പ്രമേയം. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക.
ബഫര്‍ സോൺ വിവാദത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും നേരത്തെ പരസ്പരം പഴിചാരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീം കോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് നേരത്തെ ആരോപിച്ചിരുന്നത്. യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി. ബഫർസോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് ഈ പരസ്പരം പഴിചാരൽ.
ബഫർസോൺ സോണിൽ സുപ്രീം കോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിലെടുത്ത തീരുമാനം. സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വെ ഉടൻ തീർത്ത് ഉന്നതാധികാരസമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും.