ന്യൂഡൽഹി: ഇസ്രായേലിൽ നിന്ന് വാങ്ങിയ പെഗസസ് ഉപയോഗിച്ച് സർക്കാർ ചാരവൃത്തി നടത്തിയെന്ന ആരോപണം വീണ്ടും പാർലമെന്‍റിൽ. വിഷയം ഉന്നയിച്ച കോൺഗ്രസിലെ ഗൗരവ് ഗൊഗോയിക്കു നേരെ രോഷം പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ.
മയക്കു മരുന്ന് വിപത്തിനെക്കുറിച്ച ചർച്ചയിലാണ് ഗൊഗോയി, പെഗസസ് എടുത്തിട്ടത്. സർക്കാർ വീണ്ടും വീണ്ടും ചാരവൃത്തി നടത്തുകയാണ്. പ്രതിപക്ഷത്തിന്‍റെയും മാധ്യമ പ്രവർത്തകരുടെയുമൊക്കെ മൊബൈൽ ഫോണിൽ പെഗസസ് സ്ഥാപിക്കുന്നു. പക്ഷേ, ഈ പെഗസസ് കൊണ്ട് എത്ര മയക്കു മരുന്ന് മാഫിയയെ പിടികൂടാൻ സർക്കാറിന് കഴിഞ്ഞു? -ഗൗരവ് ഗൊഗോയി ചോദിച്ചു.
ആരോപണത്തിന് തെളിവ് നൽകണമെന്ന ആവശ്യവുമായി അമിത് ഷാ എഴുന്നേറ്റു. വളരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഗൗരവപ്പെട്ട വിഷയത്തിൽ ചർച്ച നടക്കുമ്പോൾ വേണ്ടാത്ത രാഷ്ട്രീയം കൊണ്ടുവരരുത്. അദ്ദേഹത്തിന്‍റെ ഫോണിൽ പെഗസസ് സ്ഥാപിച്ചതിന് തെളിവ് സഭയിൽ വെക്കണം. അതല്ലെങ്കിൽ സഭാ രേഖയിൽ നിന്ന് ആ വാക്കുകൾ നീക്കണം.
പെഗസസ് നിരീക്ഷണത്തിന് ഉപയോഗിച്ചോ ഇല്ലയോ എന്ന് സർക്കാറിനോട് ചോദിച്ചതിൽ തെറ്റു പറ്റിയിട്ടുണ്ടെന്നാണെങ്കിൽ സ്പീക്കർ അത്തരത്തിലൊരു ഉത്തരവ് ഇറക്കട്ടെയെന്നായി ഗൊഗോയി. പെഗസസ് അദ്ദേഹത്തിനെതിരെ ഉപയോഗിച്ചുവെന്നാണ് ഗൊഗോയി പറയുന്നതെന്നും, സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പറഞ്ഞതാണെന്നും അമിത്ഷാ പറഞ്ഞു. സ്വന്തം നേതാവിനെപ്പോലെ തന്നെ വായനയൊന്നുമില്ലെങ്കിൽ എന്തു ചെയ്യാൻ കഴിയും? -അദ്ദേഹം കൂട്ടിച്ചേർത്തു.
മതിയായ തെളിവുകളോടെ സംസാരിച്ച് സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ സ്പീക്കർ അഭ്യർഥിച്ചു. ഗൊഗോയ് പറഞ്ഞത് സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന അമിത്ഷായുടെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല