ന്യൂഡൽഹി: അധഃസ്ഥിതർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ ഒമ്പത് വർഷമായി സമൂഹത്തിലെ അവഗണിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്ന എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് രാജ്യം ശ്രമിക്കുന്നത്. അധഃസ്ഥിതർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്.’ – നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തിന്‍റെ പൈതൃകത്തിൽ അഭിമാനിക്കണമെന്നും അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്തുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ കേവലം ഒരു ഭൂപ്രദേശം മാത്രമല്ല, നാഗരികത, സംസ്കാരം, സഹോദര്യം എന്നിവയുടെ ആവിഷ്കാരം കൂടിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തോടുള്ള കടമകൾ എല്ലാ പൗരൻമാരും ഓർക്കണമെന്നും പറഞ്ഞു.