തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ ആദ്യമായി പരസ്യപ്രതികരണം നടത്തി മന്ത്രി ജി.ആർ. അനിൽ. ഗുരുതരവീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫോണിൽ സംഭാഷണം ആരംഭിച്ചത് മുതൽ വട്ടപ്പാറ സി.ഐയുടെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു.
താന്‍ എന്തിന് വേണ്ടിയാണ് സി.ഐയെ വിളിച്ചതെന്ന് മാധ്യമപ്രവർത്തകർ പരിശോധിക്കൂവെന്നും കുറ്റക്കാരനെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് മന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിൽ വാക്കുതർക്കമുണ്ടായത്.
അതിന്റെ ശബ്ദരേഖ പുറത്തുവരികയും സി.ഐയെ വിജിലൻസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. വ്യാഴാഴ്ച നെടുമങ്ങാട് പൊതുചടങ്ങിൽ പങ്കെടുത്തശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു വനിത നൽകിയ പരാതിയിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി സി.ഐയെ വിളിച്ചത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടി വാക്കുതർക്കത്തിനിടയാക്കുകയായിരുന്നു.