തിരുവനന്തപുരം: രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആർ അനിൽ. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും കൺസ്യൂമർ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റം കുറവാണ്. വിലക്കയറ്റമുണ്ടാവുമ്പോൾ സർക്കാരിന് ചെയ്യാനാവുന്നത് വിപണിയിൽ ശക്തമായി ഇടപെടൽ നടത്തുകയെന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ല. സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.