തിരുവനന്തപുരം: തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 നാളെ അവസാനിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതിൽ 2462 ഒഴിവുകൾ കേരള സർക്കിളിലാണ്. പത്താം ക്ലാസ് പാസ്സായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000 രൂപ മുതൽ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ നാലു മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കും. അപേക്ഷകർ മാത്തമാറ്റിക്സും ഇംഗ്ലീളും ഉൾപ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് മറ്റ് ജീവിതമാർഗമുണ്ടായിരിക്കണം.
18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി എസ് ടി വിഭാഗത്തിന് 5 വർഷവും ഒബിസി വിഭാഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്തണം. വിവരങ്ങൾക്ക് www.indiapostgdsonline.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.