ഗ്രനാഡ : ലാലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്‌സയെ ഗ്രനാഡ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. അമ്പത്തിയേഴാം മിനുറ്റിൽ ലൂക്ക് ഡിയോങ് ബാഴ്‌സയെ മുന്നിലെത്തിച്ചു. എൺപത്തിയൊൻപതാം മിനുറ്റില്‍ അന്‍റോണിയോ പുയേർട്ടാസ് ഗ്രനാഡയുടെ സമനില ഗോൾ നേടി. 79-ാം മിനുറ്റിൽ ഗാവി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. 32 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബാഴ്സലോണ.
വലൻസിയയെ തകർത്ത് ലാലിഗയിൽ റയൽ മാഡ്രിഡ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്‍റെ ജയം. കരീം ബെൻസേമ, വിനീഷ്യസ് ജൂനിയർ എന്നിവർ രണ്ട് ഗോൾ വീതം നേടി. ബെൻസേമ- വിനീഷ്യസ് കൂട്ടുകെട്ടിന്‍റെ അഴകായി വലന്‍സിയക്കെതിരായ മത്സരം. 43-ാം മിനുറ്റില്‍ ബെന്‍സേമയുടെ പെനാല്‍റ്റി ഗോളിലൂടെ റയലാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. 52, 61 മിനുറ്റുകളില്‍ വീനിഷ്യസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഗോണ്‍സാലോ ഗുയേഡസിലൂടെ 76-ാം മിനുറ്റില്‍ വലന്‍സിയ ഗോള്‍ മടക്കിയെങ്കിലും നേരം ഏറെ വൈകിയിരുന്നു. 88-ാം മിനുറ്റില്‍ തന്‍റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയ ബെന്‍സേമ റയലിന് 4-1ന്‍റെ തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു. 21 കളിയിൽ 49 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.