പാലക്കാട്: നെല്ലിയാമ്പതി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്നലെ വൈകീട്ടാണ് യാത്രക്കാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നെല്ലിയാമ്പതി ചുരത്തിലൂടെ കാട്ടാന കൂട്ടം പോകുന്നത് കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങിയ യാത്രക്കാര്‍ കാട്ടാന കൂട്ടത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആനക്കൂട്ടത്തിന്‍റെ തൊട്ടടുത്ത് നിന്നും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇഷ്ടപ്പെടാതിരുന്ന കുട്ടിയാനയാണ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തത്.
ക്രിസ്മസ് അവധികളിലായതിനാല്‍ നെല്ലിയാമ്പതി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്ക് വന്‍തോതിലുള്ള സഞ്ചാരികളാണ് എത്തിചേരുന്നത്. അതേ സമയം നെല്ലിയാമ്പതി ചുരത്തില്‍ പല സ്ഥലങ്ങളിലും കാട്ടാനയുടെ സാന്നിധ്യവും പതിവാണ്. നിരന്തരം വാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ ഏറെ കരുതലേടെ വേണം ഇതുവഴി സഞ്ചരിക്കുവാന്‍. ഇതിനിടെയാണ് അമ്മയാനയും കുട്ടിയാനയും പോകുമ്പോള്‍ അവരുടെ ഫോട്ടോയെടുക്കാനായി ആളുകള്‍ പുറകെ കൂടിയത്. ഈ സമയം പ്രകോപിതനായ കാട്ടാനകുട്ടി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കാട്ടാനകുട്ടി പിന്തിരിഞ്ഞതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
വന്യ മൃഗങ്ങളുടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുക, ഹോണ്‍ മുഴക്കുക, വാഹനങ്ങളുടെ ലൈറ്റ് തെളിക്കുക തുടങ്ങി വന്യ മൃഗങ്ങളെ പ്രകോപിക്കരുതെന്ന് വനംവകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങളുള്ളപ്പോഴും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും വന്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.