കൊച്ചി : വിലയിടിവിനെത്തുടര്‍ന്നു കേരഫെഡ് മുഖേന ആരംഭിച്ച സംഭരണം ഒരാഴ്ച പിന്നിടുമ്പോള്‍ ആകെ ലഭിച്ചത് 1715 കിലോഗ്രാം പച്ചത്തേങ്ങ. സംഭരണത്തിനായി കേരഫെഡ് തുറന്ന 5 കേന്ദ്രങ്ങളില്‍ രണ്ടിടത്ത് ഇന്നലെ വരെ കര്‍ഷകര്‍ ആരും തേങ്ങയുമായി എത്തിയിട്ടില്ല. മലപ്പുറം പെരുമ്പടപ്പ് നാളികേര പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ സംഭരണ കേന്ദ്രത്തില്‍ 650 കിലോഗ്രാമും കോഴിക്കോട് നടുവണ്ണൂര്‍ കേരഫെഡ് കോംപ്ലക്‌സില്‍ 325 കിലോഗ്രാമും കരുനാഗപ്പള്ളി കേരഫെഡ് ഫാക്ടറിയില്‍ 735 കിലോഗ്രാം തേങ്ങയും സംഭരിച്ചു. തൃശൂര്‍ പൂച്ചുണ്ണിപ്പാടം സെയില്‍സ് പോയിന്റ്, തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഒരു കിലോഗ്രാം സംഭരണം പോലും ഇനിയും നടക്കാത്തത്. അഞ്ചിനാണു കേരഫെഡ് സംഭരണ കേന്ദ്രങ്ങള്‍ തുറന്നത്.
സംഭരണ കേന്ദ്രങ്ങളുടെ കുറവും വിവിധ സ്ഥലങ്ങളില്‍നിന്ന് ഈ കേന്ദ്രങ്ങളിലേക്കുള്ള ദൂരക്കൂടുതലും കൃഷി ഓഫിസര്‍മാരില്‍നിന്നു സാക്ഷ്യപത്രം ലഭിക്കാനുള്ള കാലതാമസവും ഇതിനായി വേണ്ടിവരുന്ന അധ്വാനവുമാണു കര്‍ഷകരുടെ തണുത്ത പ്രതികരണത്തിനു കാരണം. സംസ്ഥാനത്തു നാളികേര കമ്പനികളുടെ കീഴിലുള്ള ഇരുനൂറോളം സംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ കേരഫെഡിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തീരുമാനമെടുത്തിട്ടും തുടര്‍നടപടിയുണ്ടായില്ല.