തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഹരിത ഊർജത്തിന് പ്രത്യേക നിരക്ക് നടപ്പാക്കുന്നു. ഹരിത ഊർജം വേണ്ടവർ യൂനിറ്റിന് 77 പൈസകൂടി അധികം നൽകണം. എയർപോർട്ട് അതോറിറ്റി, ടാറ്റ കൺസൾട്ടൻസി, എസ്.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങൾ ഹരിത ഊർജം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വൈദ്യുതി ബോർഡും കമീഷനെ സമീപിച്ചു. ഇത് പരിഗണിച്ചാണ് നിരക്ക് വർധന. ഇതിൽ 62 പൈസ ഹരിത വൈദ്യുതി വാങ്ങുന്നതിന്റെ അധിക ചെലവും 15 പൈസ ബാങ്കിങ് ചാർജുമായിരിക്കും. ഉയർന്ന നിരക്ക് വേണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യം.
200 മുതൽ 250 യൂനിറ്റുവരെ മാസം ഉപയോഗിക്കുന്നവരെ ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഒരേ നിരക്ക് നൽകണമെന്ന വിഭാഗത്തിൽ (നോൺ ടെലിസ്കോപ്പിക്) ഉൾപ്പെടുത്താൻ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇത് വൻ വർധന ഉണ്ടാകുന്ന സ്ഥിതിവന്നു. കെ.എസ്.ഇ.ബിയിൽ പുനരാലോചിച്ചതിന് പിന്നാലെ റെഗുലേറ്ററി കമീഷൻ നിർദേശം തള്ളി. ഈ വിഭാഗത്തിൽ വരുന്നവർക്ക് ആദ്യ സ്ലാബുകളിലെ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം തുടർന്നും ലഭിക്കും.
അതേസമയം വരും വർഷങ്ങളിലും നിരക്ക് വർധന ഉണ്ടാകുമെന്ന സൂചനയാണ് ഇടക്കാല ഉത്തരവിൽ റെഗുലേറ്ററി കമീഷൻ നൽകുന്നത്. 23-24ൽ 1894.95 കോടിയും 24-25ൽ 1927.44 കോടിയും, 25-26ൽ 1692.24 കോടിയും 26-27ൽ 1679.87 കോടിയും കെ.എസ്.ഇ.ബിക്ക് കമ്മി ഉണ്ടെന്നാണ് നേരത്തേ അംഗീകരിച്ചത്. ഇതിൽ ഇക്കൊല്ലം 1044.43 കോടിയും അടുത്ത വർഷം 834.17 കോടിയും 25-26ൽ 472.64 കോടിയും 26-27ൽ 29.8 കോടിയും നിരക്ക് വർധനയായി ഈടാക്കണമെന്ന അപേക്ഷയാണ് കെ.എസ്.ഇ.ബി കമീഷന് സമർപ്പിച്ചത്. ഇതിൽ നടപടികൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് ജീവനക്കാരുടെ പെൻഷൻ ഫണ്ടിന്റെ ബാധ്യത ഉപഭോക്താക്കൾക്കുമേൽ നിരക്ക് വർധനയായി അടിച്ചേൽപിക്കുന്ന നടപടി ഹൈകോടതി റദ്ദാക്കിയത്.
ഇതോടെ പെൻഷൻ ട്രസ്റ്റിലേക്ക് വർഷം 407.20 കോടി വീതം അടയ്ക്കുന്ന ബാധ്യത ഉപഭോക്താക്കൾക്ക് ഒഴിവായി. ഇതോടെ കമ്മി കുറഞ്ഞു. നാല് വർഷത്തേക്ക് നിരക്ക് വർധിപ്പിക്കാനുള്ള ആവശ്യം ഇതോടെ തള്ളിപ്പോയി. എങ്കിലും നേരത്തേ അംഗീകരിച്ച ഉയർന്ന കമ്മി കണക്കുകൾ നിലനിൽക്കുകയാണ്.
ഇക്കൊല്ലം എട്ട് മാസത്തേക്ക് (നവംബർ ഒന്ന് മുതൽ ജൂൺ 30 വരെ) മാത്രമാണ് നിരക്ക് വർധിപ്പിച്ചത്. 23-24 വർഷത്തേക്ക് കണക്കാക്കിയ അവസാന കമ്മി 1487.75 കോടി രൂപയുടേതാണ്. ഇത് നികത്താൻ യൂനിറ്റിന് 58 പൈസവരെ വർധിപ്പിക്കണമായിരുന്നു. 21-22 വർഷത്തെ അന്തിമ കണക്കിൽ മിച്ചമായ 753.17 കോടി ഇക്കൊല്ലത്തെ 1487.75 കോടി കമ്മിയിൽ കിഴിച്ചതോടെ അവശേഷിച്ചത് 734.58 കോടിയായി കുറഞ്ഞു. ഇതാണ് ഇപ്പോൾ നികത്തുന്നത്. അടുത്ത ജൂലൈമുതൽ പുതിയ നിരക്ക് വരും. ഇത് 22-23 വർഷത്തെ കെ.എസ്.ഇ.ബിയുടെ അന്തിമ കണക്കുകൂടി (ട്രൂയിങ് അപ്പ്) പരിഗണിച്ചിട്ടായിരിക്കും.
24-25 മുതൽ 26-27 വരെ വർഷങ്ങളിലേക്ക് പുതുക്കിയ കണക്കും ബോർഡ് നൽകണം. അംഗീകരിച്ച കണക്ക് പ്രകാരം അടുത്ത മൂന്ന് വർഷങ്ങളിലെ കെ.എസ്.ഇ.ബിയുടെ കമ്മി 5299.55 കോടിയാണ്. ഇത് പൂർണമായി നികത്തിയാൽ വൻ നിരക്ക് വർധന വരും.
ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുന്നതിനൊപ്പം വാണിജ്യ ഉപഭോക്താക്കളുടെ ഉയർന്ന നിരക്ക് കുറയ്ക്കാനും കമീഷൻ ശ്രമം നടത്തി. ടി.ഒ.ഡി മീറ്ററുമായി ബന്ധപ്പെട്ട് നിരക്ക് വർധിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും കമീഷൻ തീരുമാനമെടുത്തില്ല. അത് പിന്നീട് ഹിയറിങ് നടത്തി തീരുമാനമെടുക്കും.