യുഎഇ: പതിറ്റാണ്ടുകളോളം ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദന രംഗത്ത് മേധാവിത്വം പുലര്‍ത്തുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോള്‍ ഗ്രീന്‍ ഹൈഡ്രജനില്‍ കണ്ണുവെച്ചിരിക്കുകയാണ് അവര്‍. തങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ മാറ്റം വരുത്താനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധി കുറയ്ക്കുന്നതിനുംവേണ്ടിയാണ് ഈ നീക്കം. ക്രൂഡ് ഓയിലില്‍ നിന്നും പ്രകൃതിവാതകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് ബദലായി, പ്രകൃതി സൗഹൃദമായ ഗ്രീന്‍ ഹൈഡ്രജനില്‍ കൂടുതലായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ, യുഎഇ, ഒമാന്‍ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍.
ഗ്രീന്‍ ഹൈഡ്രജന്‍ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇത് താരതമ്യേന മലിനീകരണം കുറഞ്ഞ ഇന്ധനമാണ്. കൂടാതെ, വിശാലമായ ഉപയോഗവും ഇതിനുണ്ട്. ഇത് വളരെ ലാഭകരമാണെന്നതും പ്രകൃതി സൗഹൃദമാണെന്നതും ഗ്രീന്‍ ഹൈഡ്രജനോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു. ആകെയുള്ള ഹൈഡ്രജന്‍ ഉത്പാദനത്തിന്റെ വെറും ഒരു ശതമാനത്തില്‍ താഴെയാണ് ഗ്രീന്‍ ഹൈഡ്രജന്റെ ഉത്പാദനം. എണ്ണയില്‍ നിന്നുള്ള വരുമാനം ഇടിയുന്നതു കൊണ്ടു തന്നെ ഊര്‍ജവിപണിയില്‍ പ്രധാന സ്രോതസ്സുകളായി തുടരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതൊരു അവസരമായി കാണുന്നു.