പാലക്കാട് : തേങ്കുറിശ്ശിക്കടുത്ത് തായങ്കാവിൽ വീടിനുപിന്നിലെ ചായ്പിൽ ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വിഷംകഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഭാര്യയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർലോറി ഡ്രൈവർ തേങ്കുറിശ്ശി തായങ്കാവ് കൃഷ്ണനിവാസിൽ സന്തോഷിനെയാണ് (48) ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീടിനുപിന്നിലെ ചായ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിനെയാണ് (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിന്ദുവും മുറിക്കകത്തെ ഫാനിൽ കുരുക്കിട്ട് തൂങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനുകാരണമെന്ന് ബന്ധുക്കളും കുഴൽമന്ദം പോലീസും പറഞ്ഞു. സന്തോഷിനൊപ്പം ഭാര്യ ബിന്ദുവും ഭാര്യാസഹോദരൻ ബിബേഷുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ബിന്ദുവിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നതെന്ന് ബിബേഷ് പോലീസിനോട് പറഞ്ഞു.
അയൽവീട്ടിൽ താമസിക്കുന്ന, സന്തോഷിന്റെ സഹോദരൻ സതീഷും ഇതിനിടയിൽ വിവരമറിഞ്ഞെത്തി. പരിശോധനക്കിടെയാണ് വീട്ടിനുപിന്നിലെ ചായ്പിൽ ഷാളിൽ തൂങ്ങിയനിലയിൽ സന്തോഷിനെ കണ്ടെത്തിയത്. സന്തോഷിനെ താഴെയിറക്കി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമംനടത്തുന്നതിനിടെയാണ് ബിന്ദു മുറിയിൽ കയറി കതകടച്ച് ഫാനിൽ തുണികൊണ്ട് കുരുക്കിട്ട് തൂങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇവർ വിഷം കഴിച്ചിരുന്നതായും സൂചനയുണ്ട്. സന്തോഷിനെയും ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. വിഷക്കുപ്പിയും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പരേതനായ കൃഷ്ണനാണ് സന്തോഷിന്റെ അച്ഛൻ. അമ്മ: പാർവതി. മക്കൾ: ഷാന്റി, ഷാനി.