തിരുവനന്തപുരം > ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്‌സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് തിങ്കളാഴ്‌ച തുടക്കം. വൈകിട്ട് ആറിന് തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 15 വരെ നീളുന്ന ഫെസ്റ്റിവലിൽ ദേശീയ, അന്തർദേശീയ ശാസ്‌ത്രജ്ഞർ പങ്കെടുക്കും.
ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നാസയിൽ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത മുഖ്യാതിഥിയാകും. മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, ആർ ബിന്ദു, ജി ആർ അനിൽ, വീണാ ജോർജ്, എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി നിരവധിപേർ പങ്കെടുക്കും. ഉദ്‌ഘാടനത്തിനുശേഷം എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മൃദുല വാര്യർ, ഷാൻ റഹ്മാൻ, അഞ്ജു ജോസഫ് തുടങ്ങിയ ഗായകർ അണിനിരക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയൻസ് എക്സിബിഷൻ ഏഷ്യയിൽത്തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കും. പാസ് മൂലമാണ് പ്രവേശനം. കുറഞ്ഞത് എട്ട് മണിക്കൂറെടുത്ത് മാത്രമേ ഫെസ്റ്റിവൽ കണ്ടുതീർക്കാനാകൂ. വിവരങ്ങൾ gsfk.orgൽ.