തിരുവനന്തപുരം : ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം ഇന്ന്. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ബഹിരാകാശത്ത് സ്ഥാപിക്കുക.
ജിഎസ്എൽവി
ജിയോ സിൻക്രണസ് ലോഞ്ച് വെഹിക്കിൾ. അഥവാ ജിഎസ്എൽവി. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ്.
ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റ്. വിശേഷണങ്ങളുടെ തലപ്പൊക്കം ഏറെയുണ്ടെങ്കിലും ജിഎസ്എൽവിയുടെ ട്രാക്ക് റെക്കോർഡ് ഇത്തിരി പിശകാണ്. ഇത് വരെ 14 ദൗത്യങ്ങൾ അതിൽ എട്ടെണ്ണം വിജയം. നാല് ദൗത്യങ്ങൾ സമ്പൂർണ പരാജയം. രണ്ട് ഭാഗിക പരാജയങ്ങൾ.
സ്ട്രാപ്പോൺ ബൂസ്റ്റർ മുതൽ ക്രയോജനിക് എഞ്ചിൻ തകരാർ വരെ പല കാരണങ്ങൾ കൊണ്ടായിരുന്നു പരാജയങ്ങൾ. അതിലേറ്റവും ഒടുവിലത്തേത്തായിരുന്നു 2021 ആഗസ്റ്റ് 12ലേത്. ക്രയോജനിക് ഘട്ടത്തിലെ ഹൈഡ്രജൻ ചോർച്ച കാരണം അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം ജിഐസാറ്റ് കൂടിയാണ് ഐഎസ്ആർഒയ്ക്ക് അന്ന് നഷ്ടപ്പെട്ടത്. അതിന് ശേഷം ജിഎസ്എൽവി വിക്ഷേപണത്തറയിലെത്തുന്നത് ഇതാദ്യമായാണ്. ഇത്തവണ ഒരു കാരണവശാലും പിഴയ്ക്കരുത്. നാസ ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ മുതൽ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആർഎസ്എസ് ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിൽ ജിഎസ്എൽവിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയൊരു പാളിച്ചയുണ്ടായാൽ ഈ ദൗത്യങ്ങളെയും അത് ബാധിക്കും.
തദ്ദേശീയ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എൽവി എഫ് 12 ദൗത്യം. എൻവിഎസ് 01 ഇന്ത്യയ്ക്കും ഇസ്രൊയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവിൽ ഏഴ് ഉപഗ്രഹങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എൻവിഎസ് ശ്രേണിയിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങൾ കൂടിയെത്തിയാൽ നാവിക് കൂടുതൽ കാര്യക്ഷമമാകും. തദ്ദേശീയമായി നിർമ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. പന്ത്രണ്ട് വർഷം കാലാവധിയാണ് ഇപ്പോൾ എൻവിഎസ് ഉപഗ്രങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്എൽവിയുടെ ചുമലിലെ ഭാരം ചെറുതല്ലെന്ന് ചുരുക്കം.