ദില്ലി: ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. കൗൺസിൽ അധ്യക്ഷയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷനാകും. ഇന്ന് നടക്കുന്ന വെർച്വൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയെ കുറിച്ചുള്ള സുപ്രധാന തീരുമാനം എടുത്തേക്കും. ഓൺലൈൻ ഗെയിമിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്നത്തെ യോഗം നിർണായകമാണ്. കാരണം, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താൻ മുൻ യോഗത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. തുടർന്ന്, വൻകിട ഓൺലൈൻ ഗെയിമിംഗ് കമ്പനികളും അവരുടെ സിഇഒമാരും പുതിയ കാലത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്നതിനാൽ ഈ തീരുമാനം പിൻവലിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അതിനാൽ, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും കുതിരപ്പന്തയത്തിനും 28% ജിഎസ്ടി ഈടാക്കാനുള്ള നിർദ്ദേശം ഇന്ന് മന്ത്രിമാരുടെ സംഘം ചർച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.